Saturday, March 19, 2011

കേരളാ ട്രാഫിക് ഗൈഡ് -2

കേരളത്തിലങ്ങോളമിങ്ങോളം വാഹന ഉടമകള്‍ വായിച്ചു പഠിച്ചും മെയിലുമെയിലാന്തരങ്ങളിലൂടെ ഫോര്‍വേര്‍ഡ് ചെയ്തും കാലഘട്ടത്തിന്റെ കുറിപ്പായി മാറിയ കേരളാ ട്രാഫിക് ഗൈഡ് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അവരുടെ അടുത്ത വര്‍ഷത്തെ കേരള പാഠാവലി, സാമൂഹ്യപാഠം സ്‍റ്റാന്‍ഡേര്‍ഡ് 8-ല്‍ അധ്യായം ഏഴ് ആയി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

എന്റെ ഇതുവരെയുള്ള രചനകള്‍ പോലെ തന്നെ ഇതിനും പ്രതിഫലമൊന്നും അല്ല. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പല്ലേ, നമ്മുടെ കുട്ടികളല്ലേ എന്നൊക്കെ കരുതി ഞാനങ്ങ് സമ്മതിച്ചു. അടുത്ത വര്‍ഷം മുതല്‍ കുട്ടികള്‍ ഇതൊക്കെ വായിച്ചു പഠിക്കട്ടെ എന്നാശ്വസിക്കുമ്പോവാണ് മന്ത്രിയുടെ അടുത്ത ആവശ്യം. റോഡിലെ മറ്റ് വിവിധ പ്രശ്നങ്ങളെക്കുറിച്ചും മറ്റും എഴുതണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

എന്തു ചെയ്യാന്‍ ഈ മന്ത്രിമാരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ വാട് ക്യാന്‍ ഐ ടു ഫോര്‍ യു ? എനിക്കെന്തു ചെയ്യാന്‍ കഴിയും. അങ്ങനെ അടുത്ത വര്‍ഷത്തെ പാഠപുസ്തകത്തിനു വേണ്ടി തയ്യാറാക്കിയ കേരളാ ട്രാഫിക് ഗൈഡ്-2 ദാണ്ടെ കിടക്കുന്നു.

1.റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-മുറിച്ചു കടക്കേണ്ട റോഡിന്റെ സൈഡില്‍ നില്‍ക്കുമ്പോള്‍ ഒന്നു കൂടി ആലോചിക്കുക-ഈ റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ? ഇക്കരെ നിന്ന് സാധിക്കാവുന്ന കാര്യമാണെങ്കില്‍ റോഡ് മുറിച്ചു കടക്കാതെ കഴിക്കുക.

2.മുറിച്ചു കടന്നേ തീരൂ എന്നാണെങ്കില്‍ മുറിച്ചു കടക്കുക. അതിന് പലവഴികളുണ്ട്.ഒന്ന്,നിങ്ങളുടെ ചൂണ്ടുവിരലും നടുവിരലും നീട്ടിപ്പിടിക്കുക. കണ്ണടച്ച് ഇതിലേതെങ്കിലും ഒന്നില്‍ തൊടുക. ചൂണ്ടുവിരലിലാണ് തൊട്ടതെങ്കില്‍ വലത്തേക്കും നടുവിരലിലാണ് തൊട്ടതെങ്കില്‍ ഇടത്തേക്കും നോക്കുക. മറുവശത്തുകൂടി കണ്ടെയ്നര്‍ ലോറി വന്നാല്‍ പോലും മൈന്റ് ചെയ്യരുത്. രണ്ടു വശവും വണ്ടിയൊഴിഞ്ഞിട്ട് ക്രോസ് ചെയ്യലുണ്ടാവില്ല. താന്‍ പാതി ഡ്രൈവര്‍ പാതി എന്ന ട്രാഫിക് പ്രമാണം ഇവിടെ പ്രസക്തമാണ്.

അതായത്. നിങ്ങള്‍ ഇടത്തേക്ക് നോക്കിയാണ് റോഡ് മുറിച്ചു കടക്കുന്നതെങ്കില്‍ വലത്തുവശത്തേ ഡ്രൈവര്‍മാരുടെ ജോലി കൂടും. അവര്‍ ഹോണടിക്കുകയോ തന്തക്കു വിളിക്കുകയോ ചെയ്‍തേക്കാം തളരരുത്,മറുവശത്തുള്ള വാഹനങ്ങളിലായിരിക്കണം നിങ്ങളുടെ ശ്രദ്ധ. രണ്ടാമതൊരു മാര്‍ഗമുള്ളത് ഇതിന്റെ തന്നെ പുതിയ വേര്‍ഷനാണ്. ഉദാഹരണത്തിന് നിങ്ങള്‍ അത്യാവശ്യമായി റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുകയാണെന്നു കരുതുക. വിരല്‍ നീട്ടാനോ പിടിക്കാനോ ഒന്നും സമയവുമില്ല. എന്തു ചെയ്യും ?

റോഡിന്റെ രണ്ട് വശത്തേക്കും നോക്കുക. ഏതുവശത്തു നിന്നാണോ കുറച്ച് വണ്ടി വരുന്നത് ആ വശത്തേക്ക് മാത്രം സൂക്ഷ്മമായി നോക്കിക്കൊണ്ട് റോഡ് മുറിച്ചു കടക്കുക. മറ്റേ വശത്ത് ഭയങ്കരമായി ശ്രദ്ധിക്കുന്നതു കൊണ്ട് തങ്ങളെ കാണാത്തതാണെന്നും കരുതി നമ്മള്‍ ഒഴിവാക്കിയ വശത്തെ വണ്ടിക്കാര്‍ സഡന്‍ ബ്രേക്കിട്ടും വെട്ടിച്ചുമാറ്റിയുമൊക്കെയായി ഇന്‍ഷുറന്‍സ് കമ്പനിക്കു നഷ്ടമുണ്ടാകാതെ നോക്കിക്കൊള്ളും.

3.റോഡ് മുറിച്ചു കടക്കുന്ന സ്ഥലം, സമയം, പ്രായം തുടങ്ങിയ സംഗതികളൊക്കെ പ്രധാനമാണ്. നിങ്ങളുടെ സ്വന്തം നാട്ടിലാണെങ്കില്‍ വളരെ പതുക്കയേ റോഡ് മുറിച്ചു കടക്കാവൂ. സ്വന്തം നാട്ടില്‍ നമ്മളോരോരുത്തരും സ്‍പീഡ് ചെക്കര്‍മാരായി പ്രവര്‍ത്തിക്കണം. ഉദാഹരണത്തിന് ദൂരെ നിന്ന് വേഗത്തില്‍ ഒരു ഹോണ്ട കാര്‍ വരുന്നതു കാണുമ്പോള്‍ മെല്ലെ റോഡിലേക്കിറങ്ങുക. കൂട്ടുകാരാരെങ്കിലും ഉണ്ടെങ്കില്‍ തോളില്‍ കൈയിട്ട് വര്‍ത്തമാനം പറഞ്ഞ് റോഡിന്റെ നടുവില്‍ നില്‍ക്കുക.

പാഞ്ഞുവരുന്നവര്‍ ഹോണടിക്കും ബ്രേക്കില്‍ ആഞ്ഞു ചവിട്ടും- മൈന്റ് ചെയ്യരുത്.അവന്‍ വണ്ടി നിര്‍ത്തി എന്നുറപ്പായാല്‍ മെല്ലെ വളരെ പതുക്കെ റോഡില്‍ നിന്ന് മാറിക്കൊടുത്തേക്കുക. ഇനിയാണ് ശ്രദ്ധിക്കേണ്ടത്. വണ്ടി എടുത്തുകൊണ്ട് പോകാന്‍ നേരം വണ്ടിക്കാരന്‍ ചൂടാവാനോ തെറി വിളിക്കാനോ സാധ്യതയുണ്ട്. ചാടി വീഴുക. തെറി വിളിച്ചവനെ പുറത്തിറക്കി തന്തക്കു വിളിക്കുകയോ തല്ലു കൊടുക്കുകയോ ഒക്കെയാവാം. ഒരു കാര്യം പ്രത്യേകം ഓര്‍മിക്കുക, മറ്റൊരിടത്തു ചെന്ന് ഈ പണി കാണിച്ചാല്‍ ബോഡി വീട്ടിലെത്തിക്കാന്‍ കേരളാ പൊലീസ് തന്നെ വരേണ്ടി വരും.

4.റോഡ് ക്രോസ് ചെയ്യാനിതില്‍ ഏതുവഴി സ്വീകരിച്ചാലും ശരി അപകടസാധ്യത നമുക്ക് തള്ളിക്കളയാനാവില്ല. വണ്ടി തട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ നാട്ടുനടപ്പനുസരിച്ച് നടന്നോളും. എന്നാല്‍ നമ്മള്‍ എന്തു ചെയ്യുന്നു എന്നതും വളരെ പ്രധാനമാണ്. വണ്ടിയിടിച്ചാല്‍ ചിലര്‍ ചാടിയെണീറ്റ് ഹേയ് ഒന്നും പറ്റിയില്ല എന്നു ഭാവിച്ച് വണ്ടിക്കാരനുമായി ചങ്ങാത്തം കൂടുന്നത് കാണാറുണ്ട്. തികച്ചും നിയമവിരുദ്ധമാണിത്. വണ്ടി തട്ടിയാല്‍ ഉടന്‍ റോഡിലേക്കു മറിഞ്ഞു വീഴുക, ഉച്ചത്തില്‍ നിലവിളിക്കുക. ആളു കൂടും വരെ അതേ അവസ്ഥയില്‍ തുടരുക. ആളുകളെത്തിക്കഴിഞ്ഞാല്‍ ആ ഒഴുക്കിനനുസരിച്ച് നിന്നാല്‍ കാശുണ്ടാക്കാം.

5.നിങ്ങളുടെ വണ്ടിയിലാണ് മറ്റൊരു വണ്ടി തട്ടുന്നതെന്നു കരുതുക. തട്ടി എന്ന തോന്നലുണ്ടായാല്‍ ഉടന്‍ വണ്ടി ബ്രേക്കിടുക.തട്ടിയുലഞ്ഞ വണ്ടി എന്ന ഒരു ഇഫക്ടിനു വേണ്ടി വീശിയെടുത്ത് റോഡിന്റെ നടുവില്‍ വിലങ്ങി നിര്‍ത്താവുന്നതാണ്. എന്നിട്ട് പുറത്തിറങ്ങി പ്രകടനം തുടങ്ങാം. നഷ്ടപരിഹാരം കിട്ടാതെ റോഡിന്റെ നടുക്ക് നിന്ന് വണ്ടി മാറ്റില്ല എന്ന നിലപാടില്‍ നിന്ന് പിന്നോക്കം പോകരുത്. നൂറുകണക്കിന് വണ്ടികള്‍ നമ്മുടെ പിന്നില്‍ വഴിമുട്ടി കിടക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സവര്‍ണാധികാരത്തിന്റെ ആനന്ദം ഇത്തരം നിമിഷങ്ങളിലേ ഇന്നത്തെ കാലത്ത് ലഭ്യമാകൂ. അത് പരമാവധി ആസ്വദിക്കുക.

6.പൊലീസുകാരാണല്ലോ വണ്ടിക്കാര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. റോഡില്‍ വണ്ടിയോടിക്കണമെങ്കില്‍ ആര്‍സി ബുക്ക്, സിസി ബുക്ക്, ലൈസന്‍സ് തുടങ്ങിയ സംഗതികള്‍ വേണം എന്നൊക്കെ ആവശ്യങ്ങളുന്നയിച്ചാണ് ഇവന്മാര്‍ വളവുകളില്‍ പതുങ്ങിയിരിക്കുന്നത്. ഓരോ വളവുകളിലും നാം പൊലീസുകാരെ പ്രതീക്ഷിക്കണം എന്നാണ് നിയമം. വളവു തിരിഞ്ഞുവരുന്ന വാഹനങ്ങളുടെ ബോഡി ലാംഗ്വേജില്‍ നിന്ന് വളവിനപ്പുറത്ത് പൊലീസുണ്ടോ എന്നു മനസിലാക്കാം.

വേഗം കുറഞ്ഞ് ശൊ രക്ഷപെട്ടു എന്ന ഭാവത്തോടെ ഒന്നിലേറെ വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ ഉറപ്പായും പൊലീസുണ്ട് എന്ന് മനസിലാക്കുക. ചിലര്‍ കൈകൊണ്ട് ദുരന്തം വളവിനപ്പുറത്തുണ്ട് എന്ന് ആംഗ്യം കാണിക്കും. അന്തരീക്ഷത്തില്‍ എന്തോ എഴുതുന്നതുപോലെ കാണിക്കുന്നതാണ് വളവില്‍ പൊലീസുണ്ട് എന്നതിന്റെ സിഗ്‍നല്‍.

7. പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപെടാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് പലരും ചോദിക്കാറുണ്ട്. പല മുന്‍കരുതലുകളും സ്വീകരിക്കാം. പ്രസ് എന്നെഴുതിയ ഒരു സ്റ്റിക്കര്‍ ചുമ്മാ വാഹനത്തിന്റെ മുന്നിലും പിന്നിലും ഒട്ടിച്ചു വയ്‍ക്കുന്നതാണ് ഏറ്റവും പ്രചാരത്തിലുള്ള മാര്‍ഗം. പ്രസ് എന്നെഴുതി വച്ചാല്‍ വണ്ടിയിലിരിക്കുന്നത് ഘനഗംഭീരനായ ഒരു പത്രക്കാരനാണ് എന്ന് പൊലീസുകാരന് മനസിലാക്കാം. പത്രക്കാരന് നിയമം ബാധകമല്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. പത്രക്കാരനെ ട്രാഫിക് നിയമ പറഞ്ഞ് പിടിച്ച് പരിശോധിച്ചാല്‍ ട്രാഫിക് പൊലീസിസിന്റെ കൈക്കൂലി കഥകളെക്കുറിച്ച് മൂന്നാം ദിവസം ചിത്രം സഹിതം പരമ്പര ഉറപ്പ്.

ഈ ദുരന്തം മുന്നില്‍ കണ്ട് പൊലീസുകാര്‍ പത്രക്കാരുടെ വണ്ടികള്‍ ഒഴിവാക്കുകയാണ് പതിവ്. പ്രസ് സ്റ്റിക്കര്‍ വയ്‍ക്കുന്നില്ലെങ്കില്‍ ഡോക്‍ടര്‍ അഡ്വക്കറ്റ് തുടങ്ങിയ സ്‍റ്റിക്കറുകള്‍ പരീക്ഷിക്കാം. ഇത്തരക്കാരൊക്കെ വളരെ മാന്യന്മാരാണെന്ന് ഒരു പ്രചാരണം നിലവിലുള്ളതു കൊണ്ട് ഒരു പരിധിവരെ പൊലീസുകാര്‍ ഒഴിവാക്കും.

8. ഇങ്ങനെയൊക്കെയായിട്ടും പൊലീസ് പിടിച്ചാല്‍ എന്തു ചെയ്യും ? ഡയലോഗില്‍ പിടിച്ചു നില്‍ക്കുക. ലൈസന്‍സ്, ആര്‍സി ബുക്ക്,ഇന്‍ഷുറന്‍സ് തുടങ്ങിയ സംഗതികളാണ് പൊലീസുകാര്‍ അന്വേഷിക്കുക. ഞെട്ടരുത്, പതറരുത്. ഈ വസ്‍തുക്കളൊക്കെ കുറെ നേരം കാറിനകത്ത് തപ്പിയിട്ട് പിന്നെ വീട്ടിലാ എന്നൊന്നും പറയുകയുമരുത്. കേള്‍ക്കുമ്പേഴേ വിവരം പറഞ്ഞേക്കുക.- ഇന്നലെ മിനിസ്റ്ററുടെ വീട്ടിലെ പാര്‍ട്ടിക്ക് ഒരു ഫ്രണ്ടിന്റെ കൂടെയാ പോയത്. എന്റെ വണ്ടി കഴിഞ്ഞാഴ്ച മിനിസ്റ്ററുടെ മോന്‍ വീട്ടില്‍ വന്നപ്പോള്‍ കൊണ്ടുപോയത് ഞാനിപ്പോ തിരിച്ചുകൊണ്ടുവരുന്നവഴിയാ. അതുകൊണ്ടെന്റെ കൈയില്‍ ഇപ്പോള്‍ ഒന്നുമില്ല. സാറിന് വിശ്വാസമില്ലെങ്കില്‍ ഞാന്‍ നാളെ എസ്‍പി ഓഫിസിലെത്തിക്കാം.-മതി സംഗതി ഓകെ.

9.ഇത്തരം പ്രസ്താവനകള്‍ ചെലവാകാത്ത സാഹചര്യമാണെങ്കില്‍ ലൈന്‍ മാറ്റി പിടിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാലില്‍വീഴുക. വല്യമ്മച്ചിക്കു മരുന്നുവാങ്ങാന്‍ അടുത്ത വീട്ടിലെ പപ്പന്‍ ചേട്ടന്റെ വണ്ടീം എടുത്ത് പോകുന്ന പോക്കാ.. എന്റെ വല്യമ്മച്ചി..- എന്നു പറഞ്ഞ് രണ്ടേങ്ങലടിച്ചേക്കുക. റിസ്‍ക് എടുക്കാന്‍ ഒരു പൊലീസും തയാറാവില്ല.

10. വാഹനം അപകടത്തില്‍ പെട്ടാല്‍ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ചും വിവാദങ്ങള്‍ ഏറെ കഴിഞ്ഞതാണ്. നിങ്ങള്‍ നോക്കിനില്‍ക്കുമ്പോള്‍ ഒരു കാര്‍ ഇടിച്ചു മറിയുന്നു എന്നു കരുതുക. എത്രയും വേഗം സംഭവസ്ഥലത്തെത്തുക. കാറിനുള്ളിലുള്ളവരെ ജീവനോടെയോ അല്ലാതെയോ ചുമന്നുകൊണ്ട് പോകും വരെ വെയ്‍റ്റ് ചെയ്യുക. പിന്നെ പരിചയമുള്ള കാറാണല്ലോ എന്ന മട്ടില്‍ വണ്ടിയുടെ അടുത്തേക്ക് ചെല്ലുക. അടുത്ത് ചെന്നു കഴിയുമ്പോല്‍ ദൈവമേ ഇത് സ്വന്തം വണ്ടി തന്നെയാണല്ലോ എന്നു പോലും തോന്നിപ്പിക്കുന്ന വിധത്തില്‍ അതിനുള്ളിലുള്ള ബാഗ്, വാച്ച്, പൊട്ടിയ സ്വര്‍ണമായ,ഊരിയ മോതിരം തുടങ്ങിയവയും കാറില്‍ പിടിപ്പിച്ചിട്ടുള്ള മ്യൂസിക് സിസ്റ്റം, എല്‍സിഡി അങ്ങനെവല്ലതും ഉണ്ടെങ്കില്‍ അതും അഴിച്ചെടുത്ത് എത്രയും വേഗം മാര്‍ക്കറ്റിലെത്തിക്കേണ്ടതാണ്. അപകടം നടന്ന് രണ്ടു മുതല്‍ നാല് മണിക്കൂറിനുള്ളില്‍ മുതല്‍ വിറ്റ് തടിയൂരുന്നതാണ് നല്ലത്.


Courtesy : Berly Thomas